ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ തുടരുന്നതിനിടെ ഗൾഫ് മേഖലയിലേക്ക് ഇന്ത്യയിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചു. ഇന്ന് ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കായി ആകെ 58 വിമാന സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സൗദി അറേബ്യയും ഒമാനും വ്യോമപാത തുറന്നതിനെ തുടർന്നാണ് സർവീസുകൾ വീണ്ടും വർധിപ്പിച്ചത്. ജിദ്ദയിലേക്കും മസ്‌കറ്റിലേക്കും എയർ ഇന്ത്യ കഴിഞ്ഞ ദിവസം തന്നെ ഷെഡ്യൂൾഡ് സർവീസുകൾ പുനരാരംഭിച്ചിരുന്നു.ഇന്നത്തെ സർവീസുകളിൽ 24 എണ്ണം ഷെഡ്യൂൾഡ് സർവീസുകളാണ്. കൂടാതെ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനായി 34 നോൺ-ഷെഡ്യൂൾഡ് പ്രത്യേക സർവീസുകളും നടത്തും. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികളാണ് പ്രധാനമായും യുഎഇയിൽ നിന്ന് പ്രത്യേക സർവീസുകൾ നടത്തുന്നത്. അബുദാബി, മസ്‌കറ്റ് തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ഭാഗികമായി സർവീസുകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.കേരളത്തിൽ നിന്ന് ഗൾഫ് സർവീസുകളും ഇന്ന് നടക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് മസ്‌കറ്റിലേക്കും തിരിച്ചും ഷെഡ്യൂൾഡ് സർവീസുകൾ ഉണ്ടായിരിക്കും. നോൺ-ഷെഡ്യൂൾഡ് വിഭാഗത്തിൽ കൊച്ചി–റാസൽഖൈമ–കൊച്ചി പ്രത്യേക സർവീസും ഇന്ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു.



