എവറസ്റ്റ് കൊടുമുടി പോലുള്ള പ്രകൃതിദത്ത ലാൻഡ്‌മാർക്കുകൾ മനുഷ്യന്‍റെ നേട്ടങ്ങളുടെ പ്രതീകങ്ങൾ മാത്രമല്ല, നമ്മുടെ ഗ്രഹത്തിന്‍റെ ആവാസ വ്യവസ്ഥയുടെ സുപ്രധാന ഘടകങ്ങൾ കൂടിയാണ്. ഈ സ്ഥലങ്ങളുടെ ശുചിത്വവും പവിത്രതയും സംരക്ഷിക്കേണ്ടത് അവയുടെ പ്രകൃതി സൗന്ദര്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. എന്നാൽ, മാലിന്യങ്ങൾ തോന്നുംപോലെ വലിച്ചെറിയാനുള്ള മനുഷ്യന്‍റെ മനോഭാവം മാറിയില്ലെങ്കിൽ അധികം വൈകാതെ തന്നെ എവറസ്റ്റ് കൊടുമുടിക്ക് സമീപം മാലിന്യം കൊണ്ടുള്ള മറ്റൊരു കൊടുമുടി കൂടി ഉയരുമെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. എവറസ്റ്റ് കൊടുമുടി കാണാനും പർവ്വതാരോഹണം നടത്തുന്നതിനുമായി ഓരോ ദിവസവും ഇവിടെയെത്തുന്ന സഞ്ചാരികൾ യാതൊരു മടിയും കൂടാതെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ തള്ളുന്നത്. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോ ആരെയും അമ്പരപ്പിക്കുന്നതും ഏറെ നിരാശാജനകവുമാണ്. എവറസ്റ്റ് കൊടുമുടിക്ക് സമീപത്തും ട്രക്കിംഗ് നടത്തുന്ന വഴികളിലും ഒക്കെ സഞ്ചാരികൾ ഉപേക്ഷിച്ച് പോയ മാലിന്യ കൂമ്പാരങ്ങളാണ് ഈ വീഡിയോ കാണിക്കുന്നത്. ഇനിയും ഇത് തുടർന്നാൽ വരുംതലമുറകൾക്കായി കാത്തുസൂക്ഷിക്കാൻ പ്രകൃതി സമ്മാനിച്ച ഈ മഹാത്ഭുതം ഉണ്ടാകില്ല എന്നാണ് പരിസ്ഥിതിവാദികൾ പറയുന്നത്.1953-ൽ എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെയും എവറസ്റ്റ് കൊടുമുടി കീഴടക്കി ചരിത്രം സൃഷ്ടിച്ചതിന് ശേഷം പർവ്വതം ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ചു. സന്ദർശകരുടെ എണ്ണം കൂടിയതോടെ മാലിന്യവും ഇവിടെ കുമിഞ്ഞു കൂടാൻ തുടങ്ങി. ഇന്ന് എവറസ്റ്റിനെ ഏറ്റവും വലിയ മാലിന്യ കൂമ്പാരം എന്ന് വിളിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ വന്നെത്തിയിരിക്കുന്നത്. കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യത്തിന്‍റെ അസ്വസ്ഥജനകമായ കാഴ്ചയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്ന വീഡിയോ കാണിക്കുന്നത്. മാലിന്യ കൂമ്പാരത്തിൽ ഓക്സിജൻ കാനിസ്റ്ററുകളും പ്ലാസ്റ്റിക് ബോട്ടിലുകളും ഭക്ഷണ പാത്രങ്ങളും എന്തിനേറെ പറയുന്നു മനുഷ്യവിസർജ്യം വരെയുണ്ട്



