ദില്ലി: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ചൈനയിലേക്ക് കൊണ്ടുപോകുകയായിരുന്ന ടാങ്കർ കപ്പൽ ദി അക്വാ ടൈറ്റൻ തെക്കൻ ചൈനാ കടലിൽ വെച്ച് പാതിവഴിയിൽ ദിശമാറ്റം നടത്തി ഇന്ത്യയിലേക്ക് തിരിഞ്ഞു. ആദ്യം ചൈനയിലെ റിസ്ഹാവോ തുറമുഖത്തെ ലക്ഷ്യമാക്കി പുറപ്പെട്ട കപ്പൽ, ലക്ഷ്യസ്ഥാനത്ത് എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് യുടേൺ എടുത്തത്. മാർച്ച് 21ന് ന്യൂ മാംഗളൂർ തുറമുഖത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ബാല്റ്റിക് കടലിൽ നിന്ന് ജനുവരിയിലാണ് ഈ കപ്പൽ ചരക്കുമായി യാത്ര തിരിച്ചത്.ഇതിനിടെ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങൽ ഇന്ത്യ വർധിപ്പിച്ചതും അമേരിക്ക ഇന്ത്യയ്ക്ക് അനുമതി നൽകിയതും ഈ മാറ്റത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമൂസ് കടലിടുക്കിലെ നിയന്ത്രണങ്ങളും കാരണം നിരവധി രാജ്യങ്ങൾ റഷ്യൻ ഓയിൽ ആശ്രയിക്കാൻ തുടങ്ങി. ഇന്ത്യ ഏകദേശം 30 ദശലക്ഷം ബാരൽ എണ്ണ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ചൈനയിലേക്ക് പോയിരുന്ന ഏഴ് ടാങ്കറുകൾ വഴിമധ്യേ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടതായും വിവരങ്ങൾ പറയുന്നു.പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പിന്നാലെ ഫോസിൽ ഇന്ധന കയറ്റുമതിയിലൂടെ റഷ്യ വലിയ സാമ്പത്തിക നേട്ടം കൈവരിച്ചു. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിന് ശേഷമുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം റഷ്യ ഏകദേശം 600 കോടി യൂറോ വരുമാനം നേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ചിൽ ഇന്ധന വിലയിൽ ശരാശരി 14% വർധനവുണ്ടായതോടെ റഷ്യയുടെ വരുമാനവും ഗണ്യമായി ഉയർന്നു.



