കൊച്ചി: ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ സംരംഭം രാജ്യത്തെ ഒരു ആഗോള ഉല്‍പ്പാദന-വ്യാപാര ശക്തികേന്ദ്രമാക്കി മാറ്റിയെന്ന് ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ എച്ച്.ഇ. സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം പറഞ്ഞു. ഇതിന് ആക്കം കൂട്ടുന്നതാണ് വിപൂലീകരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, കയറ്റുമതി വര്‍ദ്ധന, പുതിയ വ്യാപാര കരാറുകള്‍ എന്നിവ. ആഗോള വിപണികള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പാദനത്തിനും അനുയോജ്യമായ സ്ഥലമാണ് ഇന്ത്യയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.സ്വിറ്റ്സര്‍ലണ്ടില്‍ ഇന്ത്യാ ഇക്കണോമിക്ക് ബ്ലൂപ്രിന്റ് എ്ന്ന വിഷയത്തിലുള്ള പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഡിപി വേള്‍ഡ് ചെയര്മാന്. കേന്ദ്ര റെയില്‍വേ- ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങില്‍ സന്നിഹിതനായിരുന്നു.ഉപഭോക്തൃ വിപണിക്ക് വേണ്ടിയുള്ള നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മികച്ച മറ്റൊരു സ്ഥലമില്ല. പ്രധാനമന്ത്രി മോദിയുടെ ലോകത്തിനു വേണ്ടിയുള്ള ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന സംരംഭം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ റോഡുകളും റെയില്‍വേയും വികസിക്കുകയും ശേഷിയിലും കാര്യക്ഷമതയിലും വര്‍ദ്ധനവിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പുതിയ വിപണികള്‍ കണ്ടെത്തുമ്പോള്‍, ഇന്ത്യയുടെ വ്യാപാര ചലനശക്തി നിലനിര്‍ത്തുന്നതില്‍ വ്യവസായ പാര്‍ക്കുകളും തുറമുഖങ്ങള്‍ക്ക് സമീപമുള്ള സ്വതന്ത്ര വ്യാപാര മേഖലകളും നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



