ക്വാലലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ ജയം. വെസ്റ്റ് ഇന്‍ഡീസിനെ ഒമ്പത് വിക്കറ്റിന് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 13.2 ഓവറില്‍ 44ന് പുറത്താക്കിയിരുന്നു. രണ്ട് വിക്കറ്റുമായി മലയാളി താരം വി ജെ ജോഷിത ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. പരുണിക സിസോഡിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 4.2 ഓവറില്‍ ലക്ഷ്യം മറികടന്നു. ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ ആദ്യ കളിയായിരുന്നുന്നു ഇന്നത്തേത്. കൂറ്റന്‍ ജയത്തോടെ ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ട്. ആദ്യ മത്സരത്തില്‍ മലേഷ്യയെ തോല്‍പ്പിച്ച ശ്രീലങ്ക രണ്ടാം സ്ഥാനത്താണ്. 21ന് ഇന്ത്യ ആതിഥേയരായ മലേഷ്യയെ നേരിടും. കേവലം 26 പന്തുകളാണ് ഇന്ത്യയുടെ വിജയത്തിന് വേണ്ടി വന്നത്. ഗൊങ്കാദി തൃഷയുടെ (4) വിക്കറ്റ് ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു. എന്നാല്‍ കമാലിനി ഗുണലന്‍ (16), സനിക ചല്‍കെ (18) എന്നിവര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ കെനിക കസാര്‍ (15), അസാബി കലണ്ടര്‍ (12) എന്നിവര്‍ക്ക് മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. സമാറ രാംനാഥിനെ (3) പുറത്താക്കി ജോഷിതയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്നാമതായി എത്തിയ നൈജന്നി കുംബര്‍ബാച്ച് (0) ജോഷിതയുടെ തൊട്ടടുത്ത പന്തില്‍ പുറത്തായി. ജോഷിത നല്‍കിയ തുടക്കം സിസോഡിയയും രണ്ട് വിക്കറ്റ് നേടിയ ആയുഷി ശുക്ലയും ഏറ്റെടുക്കുകയായിരുന്നു. രണ്ട് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങിയാണ് ജോഷിത രണ്ട് വിക്കറ്റെടുത്തത്.
