ന്യൂയോർക്കിലെ ബ്രൂക്ക്ലിനിലെ ഫ്ലാറ്റ്ബുഷിൽ മൂന്ന് നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം എട്ട് പേർ മരിച്ചു. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ട് പേർ നിർമ്മാണ തൊഴിലാളികളാണ്. പരിക്കേറ്റവരിൽ നാല് അഗ്നിശമന സേനാംഗങ്ങളും ഉൾപ്പെടുന്നു.
ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. തൊട്ടടുത്തുള്ള നിർമ്മാണ സ്ഥലത്ത് മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ നടക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് തകർന്നുവീഴുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് പൊടിപടലങ്ങൾ ഉയരുകയും വലിയ ശബ്ദം കേൾക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവമറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ശക്തമായ മഴയും തണുപ്പും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും എല്ലാവരെയും കണ്ടെത്തുന്നതുവരെ ശ്രമം തുടരുമെന്ന് അധികൃതർ അറിയിച്ചു.
1930-കളിൽ നിർമ്മിച്ച കെട്ടിടത്തിൽ അപ്പാർട്ട്മെന്റുകളും ഒരു കടയുമുണ്ടായിരുന്നു. തൊട്ടടുത്ത് 64 താമസ യൂണിറ്റുകളും പലചരക്ക് കടയും ഉൾപ്പെടുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. മണ്ണ് നീക്കം ചെയ്യലും അടിത്തറ നിർമ്മാണവും കെട്ടിടം തകരാൻ കാരണമായോ എന്നതടക്കം നഗരത്തിലെ കെട്ടിട നിർമ്മാണ വിഭാഗം അന്വേഷിച്ചുവരികയാണ്.
സംഭവത്തിൽ ക്രിമിനൽ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളെയും അന്വേഷണവിധേയമാക്കുമെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി അറിയിച്ചു. മരിച്ചവരിൽ രണ്ട് പേർ ഇക്വഡോർ പൗരന്മാരാണെന്ന് ഇക്വഡോർ കോൺസൽ ജനറൽ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.



