ഇന്ത്യയ്ക്ക് 100% വരെ തീരുവ ചുമത്താൻ യു.എസ്. നീക്കംറഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ അധിക തീരുവ ചുമത്താൻ യു.എസ്. പ്രസിഡന്റിന് അധികാരം നൽകുന്ന റഷ്യൻ ഉപരോധ ബിൽ ജനപ്രതിനിധി സഭ പാസാക്കി. 262-നെതിരെ 159 വോട്ടുകൾക്കാണ് സെപ്റ്റംബർ 16ന് ബിൽ പാസായത്. റഷ്യയുടെ ഊർജമേഖല, വ്യക്തികൾ, ‘ഷാഡോ ഫ്ലീറ്റ്’ എന്നിവയെ ലക്ഷ്യമിടുന്ന ബില്ലിൽ, റഷ്യൻ എണ്ണ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ആദ്യ അഞ്ച് രാജ്യങ്ങൾക്കും റഷ്യൻ എണ്ണ പുതിയതായി വാങ്ങുന്ന രാജ്യങ്ങൾക്കും തീരുവ ചുമത്താനുള്ള വ്യവസ്ഥയുണ്ട്. നിലവിൽ ഇന്ത്യയ്ക്ക് റഷ്യൻ ഊർജ ഇറക്കുമതിയിൽ 25% അധിക തീരുവ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം. ദേശീയ താൽപ്പര്യം പരിഗണിച്ച് ഇളവ് നൽകാനുള്ള അധികാരവും പ്രസിഡന്റിന് ബിൽ നൽകുന്നു. സെനറ്റ് നേരത്തെ പാസാക്കിയ ബിൽ ഇനി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പിനായി പോകും.



