ജറുസലം ∙ തെക്കൻ ലബനനിലെ ഹിസ്ബുല്ലയുടെ പ്രധാന കേന്ദ്രമായ ബിന്റ് ജ്ബെയ്‌ൽ ഇസ്രയേൽ സൈന്യം ഉടൻ കീഴടക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹിസ്ബുല്ലയ്ക്ക് നേരെ സൈനിക നീക്കം ശക്തമായി തുടരുമെന്നും അതേസമയം തന്നെ ലബനനുമായി സമാധാന ചർച്ചകൾ നടത്തുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.തെക്കൻ ലബനനിലെ ഹിസ്ബുല്ലയുടെ തലസ്ഥാനം എന്നാണ് ബിന്റ് ജ്ബെയ്‌ലിനെ നെതന്യാഹു വിശേഷിപ്പിച്ചത്. ഹിസ്ബുല്ലയുടെ ഈ വലിയ കോട്ടയെ തങ്ങൾ ഉടൻ ഇല്ലാതാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ 40 വർഷത്തിനിടെ ഇതാദ്യമായാണ് ലബനനുമായി ഇത്തരത്തിൽ ഒരു ചർച്ച നടക്കുന്നത്. ഇസ്രയേൽ സൈനികമായി വളരെ ശക്തമായതുകൊണ്ടാണ് ലബനൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചർച്ചയ്ക്ക് തയ്യാറാകുന്നതെന്ന് നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ലയെ നിഷ്ക്രിയമാക്കുക, ശക്തിയിലൂടെ സുസ്ഥിരമായ സമാധാനം ഉറപ്പാക്കുക എന്നിവയാണ് ചർച്ചയിലെ ഇസ്രയേലിന്റെ പ്രധാന ലക്ഷ്യങ്ങൾ.ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്കയും ഇസ്രയേലും ഒരേ ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച ആണവ പദാർഥങ്ങൾ നീക്കം ചെയ്യുക, ആണവ ശേഷി ഇല്ലാതാക്കുക, ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ചർച്ചകൾ ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും, വീണ്ടും യുദ്ധം ഉണ്ടായാൽ ഏത് സാഹചര്യത്തെയും നേരിടാൻ ഇസ്രയേൽ സജ്ജമാണെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.



