Anant Ambaniയുടെ നേതൃത്വത്തിൽ ജാംനഗറിൽ വൻതാര യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനം നടന്നു. വന്യജീവി സംരക്ഷണത്തിനും വെറ്ററിനറി സയൻസിനുമായി സമർപ്പിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ സംയോജിത ആഗോള സർവ്വകലാശാലയെന്ന നിലയിൽ ഇത് ശ്രദ്ധ നേടുന്നു. റിലയൻസ് ഗ്രൂപ്പ് നടപ്പിലാക്കുന്ന വൻതാര പദ്ധതിയുടെ ഭാഗമായ ഈ ക്യാമ്പസ്, വന്യജീവി ഗവേഷണത്തിനും ചികിത്സയ്ക്കും ഒരു ആധുനിക കേന്ദ്രമായി വളരുകയാണ് ലക്ഷ്യം.ഉദ്ഘാടനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ അനന്ത് അംബാനി വ്യക്തമാക്കി, ലോകത്തിലെ തന്നെ ഏറ്റവും മികച്ച വന്യജീവി പഠന-ഗവേഷണ കേന്ദ്രമായി ഈ സർവ്വകലാശാലയെ ഉയർത്തുകയാണ് തന്റെ ദൗത്യം. ഇന്ത്യയിൽ നിന്നുള്ളവർക്കൊപ്പം ആഗോളതലത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഇവിടെ പഠനാവസരങ്ങൾ ലഭ്യമാകും. മികച്ച പരിശീലനം ലഭിച്ച വെറ്ററിനറി ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും വളർത്തി, ഈ മേഖലയിലെ ഒരു ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റുക എന്നതാണ് അംബാനി കുടുംബത്തിന്റെ ലക്ഷ്യം.മൃഗരോഗങ്ങളിലെ ഗവേഷണം മനുഷ്യർക്കും ഗുണകരമായ കണ്ടെത്തലുകൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വന്യജീവി സംരക്ഷണം ഭൂമിയുടെ നിലനിൽപ്പിനുതന്നെ അനിവാര്യമാണെന്നും ഓരോ ജീവിയും ദൈവസൃഷ്ടിയാണെന്ന ആശയം മുൻനിർത്തി മൃഗങ്ങളെ സംരക്ഷിക്കുക ഒരു ദൈവിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അനന്ത് അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ആരംഭിച്ച വന്താര പദ്ധതി ഗുജറാത്തിലെ ജാംനഗറിൽ രൂപം കൊണ്ട ഒരു വലിയ വന്യജീവി സംരക്ഷണ–പുനരധിവാസ സംരംഭമാണ്. പരിക്കേറ്റതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വന്യജീവികളെ രക്ഷപ്പെടുത്തി ആധുനിക ചികിത്സ നൽകുകയും പിന്നീട് അവയെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലോകോത്തര നിലവാരത്തിലുള്ള വെറ്ററിനറി ആശുപത്രികൾ, പ്രത്യേക ചികിത്സാ യൂണിറ്റുകൾ, സ്വാഭാവിക അന്തരീക്ഷം പുനഃസൃഷ്ടിക്കുന്ന എൻക്ലോഷറുകൾ എന്നിവയുടെ സഹായത്തോടെ മൃഗങ്ങളുടെ സമഗ്ര പരിപാലനം ഇവിടെ ഉറപ്പാക്കുന്നു.



