ന്യൂഡൽഹി: യുദ്ധമുഖത്ത് പരിക്കേറ്റ സൈനികരെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിനായി ആളില്ലാ വിമാനങ്ങൾ (ഡ്രോണുകൾ) വികസിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. യുദ്ധമേഖലകളിലും മറ്റു അപകടകരമായ സാഹചര്യങ്ങളിലും പൈലറ്റുമാരുടെ ജീവൻ അപകടത്തിലാക്കാതെ സൈനികരെയും വിമാന ജീവനക്കാരെയും രക്ഷപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.Defence Acquisition Procedure 2020 പ്രകാരം ‘മേക്ക്–I’ വിഭാഗത്തിലാണ് പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. വികസനച്ചെലവിന്റെ 70 ശതമാനം സർക്കാർ വഹിക്കുമ്പോൾ ശേഷിക്കുന്ന 30 ശതമാനം ഇന്ത്യൻ സ്വകാര്യ കമ്പനികൾ നിക്ഷേപിക്കും.റൺവേയുടെ ആവശ്യമില്ലാതെ തന്നെ പറന്നുയരാനും ലാൻഡ് ചെയ്യാനും കഴിയുന്ന ഡ്രോണുകളായിരിക്കും ഇവ. എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ (ELT) ഉപയോഗിച്ച് അപകടസ്ഥലങ്ങൾ കണ്ടെത്തി അവിടെ ഇറങ്ങാനും കഴിയും. 16,000 മുതൽ 20,000 അടി വരെ ഉയരത്തിൽ പറക്കാൻ ഇവയ്ക്ക് കഴിയും. ഏകദേശം 200 കിലോമീറ്റർ പരിധിയിൽ 45 മിനിറ്റ് വരെ നിരീക്ഷണം നടത്താനും സാധിക്കും.Artificial Intelligence അധിഷ്ഠിതമായ സ്വയംനിയന്ത്രിത സംവിധാനങ്ങളാണ് ഇതിൽ ഉപയോഗിക്കുക. ഏകദേശം 400 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഈ പ്ലാറ്റ്ഫോമിന് നാല് പേരെയും സ്ട്രെച്ചറുകളെയും ഒരേസമയം കൊണ്ടുപോകാൻ കഴിയും. ഉപഗ്രഹ സഹായമില്ലാത്ത സാഹചര്യങ്ങളിലും പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാനാകുന്ന തരത്തിലാണ് ഇവ വികസിപ്പിക്കുന്നത്.ഈ ഡ്രോണുകൾ ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഏറ്റവും ആധുനിക സംവിധാനങ്ങളിലൊന്നായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾക്ക് പുറമെ ഹെലികോപ്റ്ററുകൾക്ക് എത്താൻ ബുദ്ധിമുട്ടുള്ള ഹിമാലയൻ പ്രദേശങ്ങളിലും മറ്റ് ദുർഘട പ്രദേശങ്ങളിലും സൈനികർക്കാവശ്യമായ സാധനങ്ങൾ എത്തിക്കാനും ഇവ ഉപയോഗിക്കാനാകും.പ്രതിരോധ രംഗത്ത് ഇന്ത്യയുടെ സ്വയംപര്യാപ്തത വർധിപ്പിക്കുകയും വിദേശ ആശ്രിതത്വം കുറയ്ക്കുകയും ഉയർന്ന സാങ്കേതികവിദ്യകൾ ആഭ്യന്തരമായി വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആദ്യഘട്ടത്തിൽ തന്നെ പകുതിയോളം ഘടകങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് വ്യക്തമാക്കിയ അധികൃതർ, ഭാവിയിൽ ഇത് കൂടുതൽ വർധിപ്പിച്ച് വിദേശ ആശ്രയം പരമാവധി കുറയ്ക്കുമെന്നും അറിയിച്ചു.



